മഹാരാഷ്ട്ര കേരളത്തിലും സംഭവിക്കും; ആശങ്ക പ്രകടിപ്പിച്ച് കെ. മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത് നരേന്ദ്രമോദിയുടെ ശൈലിയാണെന്നും ലാവ്‌ലിന്‍ കേസാകാം ഇതിന് കാരണമെന്നും കെ. മുരളീധരന്‍ എം.പി. കശ്മീര്‍ പോലെ നാളെ കേരളത്തേയും കീറി മുറിച്ചേക്കാം, അതിന്റെ സൂചനകളാണ് സി.പി.എം നല്‍കുന്നത്. ന്യൂനപക്ഷത്തിനെതിരെയാണ് സി.പി.എം നിലപാടെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് എന്‍.സി.പിയെ വിഭജിക്കുകയാണ് ചെയ്തത്. ബി.ജെ.പിയെ കൂട്ട് പിടിച്ച് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് കേരളത്തില്‍ സി.പി.എം ശ്രമിക്കുന്നത്.

കോഴിക്കോട്ട് പാര്‍ട്ടി സെക്രട്ടറി സംസാരിക്കുന്നത് ബി.ജെ.പിയുടെ ഭാഷയിലാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി എന്‍.സി.പി സഖ്യമുണ്ടാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ എല്‍.ഡി.എഫ്, എന്‍.സി.പി കൂട്ട് കെട്ടിനെ സി.പി.എം ന്യായീകരിക്കുന്നത് ശരത് പവാറിന്റെ പക്ഷത്താണെന്ന് പറഞ്ഞായിരിക്കും. കേന്ദ്ര ഏജന്‍സികളെ വച്ച് എങ്ങനെ ജനാധിപത്യം അട്ടിമറിക്കുന്നു എന്നതാണ് മഹാരാഷ്ട്രയില്‍ കണ്ടത്. രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണിത്. ബി.ജെ.പി ഭരിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്നും മുരളീധരന്‍ ആശങ്ക പ്രകടിപ്പിച്ചു.