ഷഹല ഷെറിന്റെ മരണം; അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരേ നരഹത്യക്ക് കേസ്

സുല്‍ത്താന്‍ ബത്തേരി: സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ബത്തേരി പോലീസാണ് നാലുപേരെയും പ്രതിചേര്‍ത്ത് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.കെ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ മോഹനന്‍, അധ്യാപകന്‍ സി.വി ഷജില്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയി എന്നിവര്‍ക്കെതിരെയാണ് കേസ്.

ചികിത്സയില്‍ പിഴവു വരുത്തിയ ഡോ. ജിസ മെറിന്‍ ജോയിയെയും അധ്യാപകന്‍ സി.വി ഷജിലിനെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്നലെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുട്ടിയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തതിനും, ക്ലാസും സ്‌കൂള്‍ പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും വീഴ്ച വരുത്തിയതിനാണ് നടപടി. പി.ടി.എ കമ്മിറ്റി പിരിച്ച് വിടാനും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്നലെ ശുപാര്‍ശ ചെയ്തിരുന്നു.