അമിത് ഷാ നീക്കം മനസിലാക്കാനായില്ല; പ്രഹരമേറ്റത് കോണ്‍ഗ്രസിന്

മുംബൈ: മഹാരാഷ്ട്രയില്‍ അട്ടിമറി നീക്കവുമായി ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതോടെ ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ തിരിച്ചടിയേറ്റത് കോണ്‍ഗ്രസിന്. എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് സഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉദ്ദവ് താക്കറെയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഒറ്റ രാത്രികൊണ്ട് ബി.ജെ.പി നടത്തിയ നീക്കം മനസിലാക്കാന്‍ അഞ്ചുവര്‍ഷം മുമ്പ് മഹാരാഷ്ട്ര ഭരിച്ച കോണ്‍ഗ്രസിനും കഴിഞ്ഞ സര്‍ക്കാരിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേനയ്ക്കും സാധിച്ചില്ലെന്നതാണ് രാഷ്ട്രീയ വൃത്തങ്ങളെ ശരിക്കും അമ്പരിപ്പിക്കുന്നു. ശിവസേനയുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആദ്യം വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്വീകരിച്ചത്.

എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ തുടങ്ങി കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും സേനയുമായി കൂട്ടുവേണ്ടെന്ന നിലപാടിലായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം അയയുകയായിരുന്നു. ശിവസേനയുമായി സഖ്യമുണ്ടാക്കിയ ചര്‍ച്ചകളെല്ലാം പൂര്‍ത്തിയാക്കിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെപോയത് കോണ്‍ഗ്രസിന് വരുത്തിവെച്ച തിരിച്ചടി വലുതാണ്. അധികാരത്തിനുവേണ്ടി മതേതര നിലപാട് പണയംവെച്ചുവെന്ന വിമര്‍ശനമായിരിക്കും ഇനി കോണ്‍ഗ്രസിന് നേരിടേണ്ടിവരുക. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന് അധികാരം നഷ്ടമായിരുന്നു. അതിന് പിന്നാലെയാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കോണ്‍ഗ്രസിന് നേടാനാകാതെ പോയത്. ഏറ്റവുമൊടുവില്‍ ശിവസേനയുമായി കൂട്ടുകൂടാനുള്ള ശ്രമവും പാളിപ്പോയതാണ് കോണ്‍ഗ്രസിന് ക്ഷീണമായി മാറിയത്.