മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി: മഹാരാഷ്ട്രയില്‍ ബി.ജെ.പി- എന്‍.സി.പി സര്‍ക്കാര്‍.  രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ പൂര്‍ണമായും മാറുന്ന നാടകീയ നീക്കങ്ങള്‍ക്കാണ് നേരം പുലര്‍ന്നപ്പോള്‍ മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചിരിക്കുന്നത്. അജിത് പവാറിനെ കൂട്ടുപിടിച്ചാണ് ബി.ജെ.പി
സര്‍ക്കാര്‍ രൂപീകരിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ അനന്തരവനാണ് അജിത് പവാര്‍. രാജ്ഭവനില്‍ ഗവര്‍ണര്‍ ഭഗത്സിങ് കോശിയാരി സത്യപ്രതിജ്ഞ
ചൊല്ലിക്കൊടുത്തു.

ഭൂരിപക്ഷം തെളിയിക്കുക എന്ന കടമ്പയാണ് ഇനി എന്‍.സി.പി- ബി.ജെ.പി സര്‍ക്കാറിന് കടക്കാനുള്ളത്. ശരദ് പവാറിന്റെ ആശിര്‍വാദത്തോടെയാണോ അജിത്പവാറിന്റെ നീക്കമെന്നാണ് ഇപ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത്. കര്‍ശകര്‍ക്കു വേണ്ടിയാണ് തന്റെ തീരുമാനമെന്നും സ്ഥിരതയുള്ള സര്‍ക്കാറാണ് ആവശ്യമെന്നുമാണ് അജിത് പവാര്‍ പ്രതികരിച്ചത്. നേരത്തെ ശരദ് പവാര്‍ മോദിയും ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഇതേ രീതിയിലാണ് പ്രതികരിച്ചിരുന്നത്. സഖ്യസര്‍ക്കാറിന് പ്രധാനമന്ത്രി ഉള്‍പെടെ ബി.ജെ.പി നേതാക്കള്‍ അനുമോദനം അറിയിച്ചു.