ആർ.എസ്.എസിനെ ഉന്നംവച്ച് സംസ്ഥാന സർക്കാർ; ക്ഷേത്ര പരിസരത്തെ ആയുധ പരിശീലനത്തിനെതിരെ ബില്‍

തിരുവനന്തപുരം: ക്ഷേത്ര പരിസരങ്ങളില്‍ ആയുധപരിശീലനം നടത്തുന്നത് നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുന്നു. ഇത്തരത്തിലുള്ള പരിശീലനങ്ങള്‍ തടയാന്‍ നിയമം ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതി ശബരിമല ഭരണസംവിധാനം സംബന്ധിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ഈ ബില്ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയിരുന്നത്. തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന(ഭേദഗതി) ബില്ലിലാണ് ആയുധ പരിശീലനം നിരോധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഈ ബില്ല് നിയമമാകുന്നതോടെ ആരാധനാലയങ്ങളുടെ പരിസരത്ത് ആയുധ പരിശീലനം നടത്തിയാല്‍ ആറ് മാസം വരെ തടവോ 50000 രൂപ പിഴയോ അടക്കേണ്ടി വരും. കരട് ബില്ലിലെ 31(ബി) മൂന്നാം വകുപ്പിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. ക്ഷേത്ര കാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ളതല്ലാത്ത കാരങ്ങള്‍ക്കോ ആയുധം ഉപയോഗിച്ചിട്ടുള്ളതോ അല്ലാത്തതോ ആയ കൂട്ട ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ എതെങ്കിലും വ്യക്തിയോ സംഘടനയോ അസോസിയേഷനോ ഉപയോഗിക്കരുതെന്നും ബില്‍ വ്യക്തമാക്കുന്നു. നിയമലംഘനം നടത്തുകയാണെങ്കില്‍ പോലീസിന് നേരിട്ട് കേസെടുക്കാം.