കളി കാര്യമായി; ക്രിക്കറ്റ് ബാറ്റ് തലയില്‍ കൊണ്ട്‌ വിദ്യാര്‍ത്ഥി മരിച്ചു

കായംകുളം: സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കിടെ ബാറ്റുകൊണ്ട് തലക്ക് അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. മാവേലിക്കര ചാരുംമൂട് ഗവ. യു.പി.എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി നവനീത് (11) ആണ് മരിച്ചത്. ബാറ്റായി ഉപയോഗിച്ച തടിക്കഷ്ണം മറ്റൊരു കുട്ടിയുടെ കയ്യില്‍ നിന്ന് തെറിച്ച് നവനീതിന്റെ തലയില്‍ പതിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചശേഷം കൈ കഴുകാന്‍ പൈപ്പിനടുത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് കുട്ടി ബോധരഹിതനായി വീണതിനെ തുടര്‍ന്ന്‌ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടിയുടെ നില ഗുരുതരമായതിനാല്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു. മൃതദേഹം കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.