വിദ്യാര്‍ത്ഥിനിയുടെ മരണം: പ്രിന്‍സിപ്പൽ സസ്പെന്‍ഷനിൽ; പി.ടി.എ പിരിച്ചുവിട്ടു

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും ഹെഡ് മാസ്റ്റര്‍ക്കും സസ്പെന്‍ഷന്‍. സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയെയും പിരിച്ചുവിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് പ്രിന്‍സിപ്പലിനെയും ഹെഡ് മാസ്റ്ററേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇന്നലെ കുട്ടിയെ ചികിത്സിച്ച ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും വിഷയത്തില്‍ ഇടപെടുകയും കുറ്റക്കാര്‍ക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു. വിഷയത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മിഷനും ബാലക്ഷേമസമിതിയും കേസെടുത്തിരുന്നു.

സ്‌കൂള്‍ അധികൃതര്‍ക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് ബോധ്യപെട്ടതായി ബാലക്ഷേമ സമിതി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തന്നെ കുറ്റക്കാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് തെരുവിലിറങ്ങുകയുമുണ്ടായി. സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുകയാണ്. വയനാട്ടില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷവുമുണ്ടായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ ഉത്തരവ്.

സംഭവത്തില്‍ സ്‌കൂളില്‍ പരിശോധനക്ക് ജില്ലാ ജഡ്ജിയെത്തുമ്പോള്‍ യു.പി.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സ്ഥലത്തുണ്ടായിരുന്നില്ല. പരിശോധന കഴിഞ്ഞ് ജഡ്ജിമാരും മറ്റും പുറത്തിറങ്ങുമ്പോഴാണ് പ്രധാനാധ്യാപകനെത്തുന്നത്. ഇതോടെ ജില്ലാ ജഡ്ജി അധ്യാപകനെ ശാസിച്ചു. ഉച്ചക്കുശേഷം ജില്ലാ കോടതിയില്‍ നടക്കുന്ന വിശകലന യോഗത്തില്‍ വിശദീകരണം നല്‍കുവാനും ആവശ്യപ്പെട്ടിരുന്നു ഈ യോഗത്തില്‍ വെച്ച് സംഭവത്തെക്കുറിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ കൈകൊള്ളുമെന്ന് ജില്ലാ ജഡ്ജ് വി ഹാരിസ് അറിയിച്ചിരുന്നു.