മരട് ഫ്‌ളാറ്റ് ഹർജികൾ തുറന്ന കോടതിയിൽ കേൾക്കും; പരിഗണിക്കുന്നത് ജനുവരിയിൽ

ഡല്‍ഹി: നഷ്ടപരിഹാരത്തുകയില്‍ ആശങ്ക അറിയിച്ച് മരടിലെ ഫ്‌ലാറ്റുടമകള്‍ സുപ്രീം കോടതിയില്‍. ഫ്‌ലാറ്റുടമകളുടെ ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തീരദേശ പരിപാലനം ലംഘിച്ച് നിര്‍മിച്ച ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച പുരോഗതി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരത്തുകയിലെ ആശങ്കയടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചാണ് മരടിലെ ഫ്‌ലാറ്റുടമകള്‍ കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്.

ഈ ഹര്‍ജികളില്‍ പിന്നീട് വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ചീഫ് സെക്രട്ടറിയെ എതിര്‍ കക്ഷിയാക്കി ഫ്‌ലാറ്റുടമ മേജര്‍ രവി നല്‍കിയ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. സ്വത്തുക്കള്‍ വില്‍ക്കാന്‍ ഉടമകള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യവും ഉടമകള്‍ കോടതിയില്‍ ഉന്നയിച്ചു. ഇതടക്കമുള്ള എല്ലാ ഹര്‍ജികളും ജനുവരി രണ്ടാം വാരത്തിന് ശേഷം പരിശോധിക്കാമെന്ന് സുപ്രീംകോടതി.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ലാറ്റുകള്‍ ജനുവരി 11,12 തിയതികളില്‍ പൊളിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനകം 61 കോടി 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നഷ്ടപരിഹാരം നല്‍കുന്നതിന് കൂടുതല്‍ സമയം വേണമെങ്കില്‍ സര്‍ക്കാറിന് സുപ്രീംകോടതി നിശ്ചയിച്ച കമ്മിറ്റിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.