ഷഹലയുടെ വീട്ടുകാര്‍ക്ക് അടിയന്തര സഹായം നല്‍കണം, സ്‌കൂളിന്റെ വികസന പ്രവര്‍ത്തനം ത്വരിതഗതിയില്‍ നടത്തുക, തുക എം.പി ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്

ഡല്‍ഹി: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ അപലപിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി. വേദനാജനകമായ സംഭവമാണ് നടന്നതെന്നും ഷഹല
യുടെ കുടുംബത്തിന് അടിയന്തര സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്‌കൂളിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട തുക എം.പി ഫണ്ടില്‍ നിന്നും നല്‍കുമെന്നും രാഹുല്‍ ഉറപ്പു നല്‍കി. സ്‌കൂളിന്റെ പരിതാപകരമായ അവസ്ഥമൂലമാണ് ഒരു വിലപ്പെട്ട ജീവന്‍ നഷ്ടമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കുട്ടികളേയും രക്ഷിതാക്കളേയും ഒരുപോലെ ഭീതിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വയനാട്ടിലെ എറ്റവും പഴക്കം ചെന്ന സ്‌കൂളുകളിലൊന്നാണ് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട തുക എം.പി ഫണ്ടില്‍ നിന്നും നല്‍കും.’, രാഹുല്‍ കത്തില്‍ പറയുന്നു. സ്‌കൂളിന്റെ വികസനത്തിന് സമയബന്ധിത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നും വയനാട്ടിലെ മറ്റ് പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍, പോലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തണമെന്നും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. മനുഷ്യവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്.