അലനും താഹയും മാവോയിസ്റ്റ് തന്നെയെന്ന് പോലീസ്: സി.പി.എമ്മില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കി

മലപ്പുറം: സി.പി.എമ്മിന്റെ പാര്‍ട്ടി അംഗത്വത്തില്‍ തുടര്‍ന്നുതന്നെ നഗര മാവോയിസ്റ്റുകളായി സംഘടനയില്‍ പ്രവര്‍ത്തിക്കാനാണ് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നതെന്ന് അലന്‍ ശുഹൈബിന്റെയും താഹ ഫസലിന്റെയും വെളിപ്പെടുത്തല്‍. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് ഒരു കവചം തീര്‍ക്കാനാണ് ഇങ്ങനെ ഒരു നിര്‍ദേശം നേതൃത്വം നല്‍കിയതെന്നാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചത്. മുഖ്യധാരാ പാര്‍ട്ടിയായ സി.പി.എമ്മില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനം പ്രയോജനപ്പെടുത്തി കൂടുതല്‍ പേരെ സി.പി.ഐ മാവോയിസ്റ്റ് സംഘടനയിലേക്ക് ആകര്‍ഷിപ്പിക്കാനായിരുന്നു മാവോയിസ്റ്റുകളുടെ ലക്ഷ്യം. മുഖ്യധാരാ പാര്‍ട്ടികളില്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനത്തെ കവര്‍ ഓര്‍ഗനൈസേഷന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പത്തോളം മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തങ്ങളെ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നും അലനും താഹയും മൊഴി നല്‍കി. സി.പി.എം അംഗത്വത്തോടൊപ്പം പാര്‍ട്ടിയുടെ യുവജ സംഘടനയായ ഡി.വൈ.എഫ്.ഐയിലും ഒരേ സമയം ഇവര്‍ പ്രര്‍ത്തിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്കിടയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന അലനെയും താഹയേയും കുറിച്ച് പാര്‍ട്ടിയില്‍ ഒരിക്കലും സംശയിക്കപ്പെട്ടിട്ടില്ല. അലനും താഹയും പിടിയിലായതിന് ശേഷം പോലീസ് നടത്തിയ അന്വേഷണത്തില്‍ വിപ്ലവ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തീവ്ര ഇടതുപക്ഷ ലൈനിലേക്ക് നീങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നക്സല്‍ പ്രസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മാവോവാദി സംഘടനയിലേക്ക് നീങ്ങിയിരുന്നത്. ഇപ്പോള്‍ സി.പി.എം, സി.പി.ഐ തുടങ്ങിയ ഇടതുപാര്‍ട്ടികളെയാണ് മാവോയിസ്റ്റുകള്‍ മറയാക്കാന്‍ ലക്ഷ്യമിടുന്നത്.