ഫാത്തിമയുടെ മരണം; ഐ.ഐ.ടിയില്‍ നിരാഹാര സമരം നടത്തിയ വിദ്യാര്‍ത്ഥികളുമായി ഡയറക്ടര്‍ ചര്‍ച്ച നടത്തും

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ ക്യാംപസിന് മുന്നില്‍ നിരാഹാര സമരം നടത്തിയ വിദ്യാര്‍ത്ഥികളുമായി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം വീണ്ടും തുടങ്ങുമെന്ന് വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തതോടെയാണ് ഡയറക്ടര്‍ ചര്‍ച്ച നടത്താന്‍ സന്നദ്ധനായത്. ആഭ്യന്തര സമിതി അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് ഐ.ഐ.ടിയിലെ രണ്ട് വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തിയത്. അതേസമയം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. ഫാത്തിമ മരിക്കാനിടിയായ സംഭവത്തില്‍ ആരോപണ വിധേയരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെ അന്വേഷണ സംഘം രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഫാത്തിമയുടെ മാതാവ്, സഹോദരി എന്നിവരില്‍ നിന്നും വരും ദിവസങ്ങളില്‍ മൊഴിയെടുത്തേക്കും.