സൗദിയില്‍ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ കുറവ്

സൗദി: സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യ പാദത്തിലുണ്ടായിരുന്ന സ്വദേശി അനുപാതത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയാണ് രണ്ടാം പാദം അവസാനിച്ചത്. സ്വകാര്യ മേഖലയിലെ മൊത്തം ജീവനക്കാരിലും കുറവ് വന്നിട്ടുണ്ട്. സൗദി ജനറല്‍ സ്റ്റാറ്റിക്സ് അതോറിറ്റിയാണ് ഈ വര്‍ഷത്തെ രണ്ടാം പാദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.  രാജ്യത്ത് നടപ്പിലാക്കി വരുന്ന തൊഴില്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികള്‍ പലരും തിരിച്ചു പോയത് മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തുന്നതിന് ഇടയാക്കി. രാജ്യത്തെ സ്വകാര്യ മേഖലയിലെ മൊത്തം ജീവിനക്കാരില്‍ 1.8 ശതമാനത്തിന്റെ കുറവാണ് രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ ഇത് 1.3 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. സ്വകാര്യ മേഖലയിലെ മൊത്തം പ്രവര്‍ത്തന ചിലവ് 4.3 ശതമാനമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന വരുമാനത്തില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒന്നാം പാദത്തിലെ വരുമാനത്തേക്കാള്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.