പ്രതിഷേധം കനക്കുന്നു; വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്പെന്‍ഷന്‍

സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ സര്‍വജന സ്‌കൂളിലെ അധ്യാപകന്‍ സജിനെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച സാഹചര്യത്തിലാണ് നടപടി. സ്‌കൂളിലെ മറ്റ് അധ്യാപകരെ വിളിച്ച് ചോദ്യം ചെയ്യുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജനരോഷം ഭയന്ന് സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്ന അധ്യാപകര്‍ക്ക് നേരെ ഒരു സംഘം നാട്ടുകാര്‍ കയ്യേറ്റത്തിന് ശ്രമിച്ചു. സ്റ്റാഫ് റൂമിന്റെ വാതില്‍പൂട്ട് കല്ലുകൊണ്ട് തല്ലിത്തകര്‍ത്ത ഒരു സംഘം നാട്ടുകാരാണ് അകത്ത് കയറിയത്. പാമ്പുകടിയേറ്റ് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും രക്ഷിതാവെത്തുന്നതു വരെ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ തയ്യാറായില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സംഭവം സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും, പ്രസ്തുത സ്‌കൂളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ എല്ലാ നടപടികളും അടിയന്തിരമായി സ്വീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്നയുടെയും മകള്‍ ഷഹ്ല ഷെറിന്‍ (9) ആണ് മരിച്ചത്.