പാലാരിവട്ടം പാലം പൊളിക്കലില്‍ സര്‍ക്കാരിന് തിരിച്ചടി; ഭാരപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കലില്‍ സര്‍ക്കാരിന് തിരിച്ചടി. പാലം പൊളിച്ചു പണിയും മുന്‍പ് ഭാരപരിശോധന നടത്തി സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെ കൊണ്ട് ഭാര പരിശോധന നടത്താം. മൂന്നു മാസത്തിനകം പരിശോധന നടത്തണം. ഭാര പരിശോധനയുടെ ചെലവ് കരാര്‍ കമ്പനിയില്‍ നിന്നും ഈടാക്കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് അഞ്ച് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ചെന്നൈ ഐ.ഐ.ടി , പി.ഡബ്ല്യു.ഡി, ഇ. ശ്രീധരന്‍ എന്നിവര്‍ പാലത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ കണക്കിലെടുക്കാതെയും ഭാരപരിശോധന നടത്താതെയുമാണ് പാലം പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.