വാളയാര്‍ കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു

തിരുവനന്തപുരം: വാളയാര്‍ കേസില്‍ പ്രതികളെ വെറുതേ വിട്ട പോക്സോ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട നാല് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയക്കും. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ആദ്യമരണത്തിലും ലൈംഗിക പീഡനം ഉണ്ടായതായും എന്നാല്‍ ആ രീതിയില്‍ ആദ്യകേസില്‍ അന്വേഷണം ഉണ്ടായില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു. ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ചു. കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചില്ല. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പോലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ല. കേസില്‍ തുടരന്വേഷണവും തുടര്‍ വിചാരണയും അനിവാര്യമാണെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വാളയാറില്‍ മരിച്ച ആദ്യത്തെ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെങ്കിലും ആ തരത്തിലുള്ള അന്വേഷണം ഉണ്ടായില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പുനര്‍ വിചാരണ ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 52 ദിവസത്തെ ഇടവേളയിലാണ് 13ഉം 10 വയസുള്ള സഹോദരിമാരെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.