വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണങ്ങള്‍; സരോഗസി റെഗുലേഷന്‍ ബില്‍ ഇന്ന് രാജ്യസഭ പാസാക്കും

ഡല്‍ഹി: വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സരോഗസി റെഗുലേഷന്‍ ബില്‍ ഇന്ന് രാജ്യസഭ പാസാക്കും. സ്വവര്‍ഗാനുരാഗികള്‍, വിവാഹ ബന്ധം ഉപേക്ഷിച്ചവര്‍, പങ്കാളി ഇല്ലാത്ത രക്ഷിതാവ്, വിധവകള്‍, ലിവ് ഇന്‍ കപ്പിള്‍സ്, വിദേശ പൗരന്മാര്‍ എന്നിവര്‍ക്ക് വാടക ഗര്‍ഭം ഉപയോഗിക്കാന്‍ വിലക്ക് എര്‍പ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. വാണിജ്യപരമായ വാടക ഗര്‍ഭധാരണം പൂര്‍ണ്ണമായും നിരോധിക്കുകയും, പരോപകാരപരമായ വാടക ഗര്‍ഭധാരണം മാത്രം അനുവദിക്കുകയും ചെയ്യുന്നതാണ് ബില്‍. അവിവാഹിതരായ മാതാപിതാക്കള്‍ക്കും വിദേശ പൗരന്മാര്‍ക്കും കുട്ടിയെ ദത്തെടുക്കാനുള്ള അവകാശം ബില്‍ അംഗീകരിക്കുന്നുണ്ട്.

എന്നാല്‍ ബില്ലിലെ നിര്‍ദേശം അനുസരിച്ച് 25 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള വിവാഹിതയും ഒരു കുട്ടിയുടെയെങ്കിലും അമ്മയുമായ ഒരു യുവതിക്ക് മാത്രമേ ഗര്‍ഭപാത്രം നല്‍കാനാകൂ. ദമ്പതികളുമായി ജനിതകപരമായി ബന്ധം ഗര്‍ഭധാരണം നടത്തുന്ന യുവതിക്ക് വേണം. ജീവിതത്തിലൊരിക്കല്‍ മാത്രമേ ഒരു യുവതിക്ക് വാടക ഗര്‍ഭധാരണത്തിന് അനുവാദമുള്ളൂ എന്നും ബില്ലിലെ വ്യവസ്ഥയാണ്. രാജ്യസഭയില്‍ ചര്‍ച്ച പൂര്‍ത്തിയായ ബില്ലിനോട് ഇന്നലെ സമ്മിശ്ര നിലപാടാണ് അംഗങ്ങള്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനന്റെ മറുപടിക്ക് ശേഷമേ ബില്‍ ഇന്ന് പാസാക്കുകയുള്ളൂ. സരോഗസി റെഗുലേഷന്‍ നേരത്തെ ലോകസഭ പാസാക്കിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസത്തേത്തതിന് തുടര്‍ച്ചയായി കശ്മീര്‍ പൗരത്വ ഭേഭഗതി വിഷയങ്ങളില്‍ ഇരു സഭകളിലും പ്രതിഷേധം തുടരാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.