അയോധ്യ, ശബരിമല വിധികളില്‍ സുപ്രീം കോടതി ഭരണത്തിന് വഴങ്ങി; രൂക്ഷവിമര്‍ശനവുമായി പ്രകാശ് കാരാട്ട്

ഡല്‍ഹി: സുപ്രീംകോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട്. അയോധ്യ, ശബരിമല വിധികള്‍, കശ്മീര്‍ പ്രശ്നം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കാരാട്ടിന്റെ വിമര്‍ശനം.ഭൂരിപക്ഷവാദത്തോട് സന്ധി ചെയ്ത കോടതി എക്സിക്യൂട്ടീവിന് വഴങ്ങിക്കൊടുക്കുന്നുവെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ ഇത് കൂടിയെന്നും കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. കശ്മീരില്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇടപെടുന്നതില്‍ കോടതി പരാജയപ്പെട്ടുവെന്നും കാരാട്ട് നിരീക്ഷിക്കുന്നു. രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനുള്ള ഉചിതമായ അവസരമാണ് ഇത്. കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുകയാണ്. സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉല്‍ക്കണ്ഠയ്ക്ക് വിഷയമാകുകയും ചെയ്യുന്നുവെന്ന് കാരാട്ട് വിശദീകരിക്കുന്നു. ജമ്മു കശ്മീരിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇടപെടുന്നതില്‍ കോടതി പരാജയപ്പെട്ടു. അയോധ്യയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്. ചാഞ്ചാട്ടം ശബരിമല വിധിയിലുള്ള പുനപ്പരിശോധനാ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കൈാര്യംചെയ്ത രീതിയിലും കാണാവുന്നതാണെന്ന് കാരാട്ട് ചൂണ്ടിക്കാട്ടുന്നു.