വിദേശയാത്രയില്‍ മോദിയേയും പിന്നിലാക്കി വിദേശകാര്യ സഹമന്ത്രി

ഡല്‍ഹി: വിദേശയാത്രയില്‍ പ്രധാനമന്ത്രിയെയും മറികടന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെ നരേന്ദ്ര മോദി ഏഴ് വിദേശ പര്യടനങ്ങള്‍ നടത്തിയപ്പോള്‍, 10 വിദേശപര്യടനമാണ് മുരളീധരന്‍ നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. ലോക്‌സഭയില്‍ എഴുതി നല്‍കിയ ചോദ്യത്തിനാണ് വി മുരളീധരന്‍ മറുപടി നല്‍കിയത്. അമേരിക്കന്‍ പര്യടനത്തിനിടെ സെപ്തംബര്‍ 22ന് നടന്ന ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചത് അമേരിക്കന്‍ സംഘടനയായ ടെക്‌സാസ് ഇന്ത്യ ഫോറം ആണെന്നും മുരളീധരന്‍ സഭയില്‍ മറുപടി നല്‍കി. കേന്ദ്ര ഗവണ്‍മെന്റിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു.

10 വിദേശ യാത്രകളിലായി 16 രാജ്യങ്ങളാണ് മുരളീധരന്‍ സന്ദര്‍ശിച്ചത്. ഇതിന് പുറമെ, പ്രസിഡന്റ് രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും മൂന്ന് വീതം വിദേശ യാത്രകള്‍ നടത്തിയതായും വി മുരളീധരന്‍ ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രപതി ഏഴും, ഉപരാഷ്ട്രപതി ആറും രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ 13 വിദേശ പര്യടനങ്ങളിലായി 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മൂന്ന് മാസത്തിനിടെ 14 വിദേശ നേതാക്കള്‍ ഇന്ത്യയിലെത്തിയതായും മന്ത്രി സഭയെ അറിയിച്ചു.