ചിരന്തന – യു.എ.ഇ എക്‌സ്‌ചേഞ്ച് സാഹിത്യ പുരസ്‌ക്കാര സമര്‍പ്പണം വെള്ളിയാഴ്ച

ദുബായ്: പ്രവാസലോകത്തെ സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രമുഖ ധനവിനിമയ ബ്രാന്‍ഡായ യു.എ.ഇ എക്‌സ്‌ചേഞ്ചും ചിരന്തന സാംസ്‌കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ചിരന്തന സാഹിത്യ പുരസ്‌കാര സമര്‍പ്പണം ഈ മാസം 22 വെള്ളിയാഴ്ച നടക്കും. രാത്രി 7 മണിക്ക് ദുബായിലെ ഫ്‌ലോറ ഇന്‍ ഹോട്ടലിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. സമഗ്ര സംഭാവനകള്‍ക്ക് ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയും, അറബ് സാഹിത്യത്തില്‍ നിന്ന് ഇമറാത്തി കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹാമദ് അല്‍ ബലൂഷിയും വിശിഷ്ട വ്യക്തിത്വ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. നോവല്‍ വിഭാഗത്തില്‍ സലിം അയ്യനത്തും, ചെറുകഥയില്‍ സബീന എം സാലിയും, കവിതയില്‍ സഹര്‍ അഹമ്മദും, ലേഖന വിഭാഗത്തില്‍ എം.സി.എ നാസറും, ഇതര സാഹിത്യ വിഭാഗത്തില്‍ ഹരിലാലും, കുട്ടികളുടെ കൃതികള്‍ പരിഗണിച്ച് തഹാനി ഹാഷിന്‍, മാളവിക രാജേഷ് എന്നിവര്‍ക്കും പ്രത്യേക പുരസ്‌ക്കാരവും നല്‍കും.

പ്രശസ്തി പത്രവും ഫലകവും പൊന്നാടയും കൂടാതെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് 50,000 രൂപ വീതവും, മികച്ച നോവല്‍, കഥ, കവിത, ലേഖന പുരസ്‌കാരങ്ങള്‍ എന്നിവയ്ക്ക് 25,000  രൂപ വീതവും നല്‍കും. പ്രത്യേക പുരസ്‌കാരങ്ങള്‍ക്ക് 10,000 രൂപ വീതവുമാണ് സമ്മാനത്തുക. കൂടാതെ ‘സാഹിത്യത്തിന് ഇന്നെന്തു ചെയ്യാനാവും’ എന്ന വിഷയത്തെ അധികരിച്ച് സക്കറിയയുടെ പ്രഭാഷണവും ഉണ്ടാകും. ഇന്ത്യന്‍ – അറബ് കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പ്രശസ്ത വീണ വിദ്വാനും നടനും എഴുത്തുകാരനുമായ പോളി വര്‍ഗീസിന്റെ സംഗീതക്കച്ചേരിയും ചടങ്ങിന് മാറ്റുകൂട്ടും. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.