ഐ.എന്‍.എക്സ് മീഡിയ കേസ്; പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്സ്മെന്റിന് സുപ്രീംകോടതിയുടെ നോട്ടിസ്

ഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്സ്മെന്റിന് സുപ്രീംകോടതിയുടെ നോട്ടിസ്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷനായ ബെഞ്ചാണ് നോട്ടിസ് അയച്ചത്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന നവംബര്‍ 26 ന് മുമ്പായി മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. കഴിഞ്ഞ ആഴ്ച്ച ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച്ച ചിദംബരം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നിലവില്‍ ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരം തീഹാര്‍ ജയിലില്‍ കഴിയുകയാണ്. യു.പി.എ സര്‍ക്കാറില്‍ ധനകാര്യ മന്ത്രിയായിരിക്കെ സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തുവെന്നായിരുന്നു ചിദംബരത്തിനെതിരായ കേസ്.