വിമാനത്താവളത്തിലെ സുരക്ഷാ പരിശോനയില്‍ നിന്നും രക്ഷപ്പെടാന്‍ പൈലറ്റായി വേഷം കെട്ടിയ ആള്‍ പിടിയില്‍

ഡല്‍ഹി: വിമാനത്താവളത്തിലെ നീണ്ട ക്യൂവും സുരക്ഷാ പരിശോധനയും ഒഴിവാക്കാനായി പൈലറ്റ് വേഷം ധരിച്ചെത്തിയ ആളെ അറസ്റ്റ് ചെയ്തു. ലുഫ്ത്താന്‍സ എയര്‍ലൈന്‍സിന്റെ പൈലറ്റിന്റെ വേഷത്തിലെത്തിയ ഡല്‍ഹി സ്വദേശിയായ രാജന്‍ മെഹ്ബുബാനിയെയാണ് സി.ആര്‍.പി.എഫ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയ്ക്കുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ കയറുന്നതിന് തൊട്ടു മുന്‍പാണ് ഇയാള്‍ പിടിയിലാവുന്നത്. ജര്‍മ്മന്‍ എയര്‍ലൈന്‍സിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറാണ് സംശയത്തെത്തുടര്‍ന്ന് സി.ആര്‍.പി.എഫിനെ വിവരമറിയിച്ചത്. സി.ആര്‍.പി.എഫ് ഇയാളെ ഡല്‍ഹി പോലീസിന് കൈമാറി. ബാങ്കോക്കില്‍ നിന്നാണ് രാജന്‍ ലുഫ്താന്‍സ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കിയത്. ഇത്തരത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് കാണിച്ച് ഇയാള്‍ യൂടൂബില്‍ വീഡിയോകളും അപ് ലോഡ് ചെയ്തിട്ടുണ്ട്. മാത്രമല്ല, വിവിധ യൂനിഫോമുകളില്‍ നില്‍ക്കുന്ന ഇയാളുടെ ചിത്രങ്ങള്‍ ഫോണില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഈ യൂനിഫോമുകള്‍ ധരിച്ച് ഇയാള്‍ ടിക് ടോക് വീഡിയോകള്‍ ചെയ്തിട്ടുമുണ്ട്. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നയാളാണെന്നും എളുപ്പത്തില്‍ സുരക്ഷാ പരിശോധന കഴിഞ്ഞുകിട്ടാനാണ് ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്തിയതെന്നുമാണ് രാജന്‍ പറയുന്നത്.