നിയമസഭ പ്രക്ഷുബ്ദം: പ്രതിഷേധം എം.എല്‍.എയുടെ രക്തം പുരണ്ട വസ്ത്രം ഉയര്‍ത്തി

തിരുവനന്തപുരം: സര്‍വകലാശാ മാര്‍ക്ക് ദാനത്തിനെതിരെ നിയമസഭയില്‍ പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം. കേരളസര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ നടപടിയാവശ്യപ്പെട്ട് കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ,
പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്തശേഷം പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് കെ.എസ്.യു. വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിനു പുറമേയാണ് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ രക്തം പുരണ്ട വസ്ത്രം സഭയില്‍ ഉയര്‍ത്തിയുള്ള പ്രതിഷേധം. മുദ്രാവാക്യങ്ങളുടെ ബഹളത്തില്‍ ചോദ്യോത്തര വേള മുങ്ങിയിരിക്കുകയാണ്. ചേദ്യോത്തരവേള നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം സഭയില്‍ ആവശ്യപ്പെട്ടുവെങ്കിലും ഇതേ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇതോടെയാണ് പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കിയെത്തിയത്.