പവാര്‍ ഇന്ന് മോദിയെ കാണുന്നു; കൂടെ കൂട്ടാന്‍ രാഷ്ട്രപതി പദവി വരെ വാഗ്ദാനമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക കൂടിക്കാഴ്ച. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും
ചര്‍ച്ചനടത്തും. തിങ്കളാഴ്ച ശൈത്യകാലസമ്മേളനം തുടങ്ങിയ ദിവസം എന്‍.സി.പിയെ മോദി ഏറെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയുള്ള മോദി- പവാര്‍ കൂടിക്കാഴ്ച സംബന്ധിച്ച് വിവിധ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ശിവസേനയെ കൈയൊഴിഞ്ഞ് എന്‍.സി.പിയെ കൂട്ടുപിടിച്ച് മഹാരാഷ്ട്രില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പി അണിയറ നീക്കം നടത്തുന്ന ഘട്ടത്തില്‍. ‘കടുംപിടുത്തം’ തുടരുകയും പാര്‍ട്ടി മുഖപത്രമായ സംനയില്‍ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും എതിരെ രൂക്ഷവിമര്‍ശനം പതിവാക്കുകയും ചെയ്ത ശിവസേന ‘ഭാരം’ ആണെന്ന ആലോചനയില്‍ നിന്നാണ് എന്‍.സി.പിയെ കൂട്ടുപിടിക്കാന്‍ ബി.ജെ.പി ആലോചിച്ചത്. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന് വലിയ പദവികള്‍ വാഗ്ദാനംചെയ്ത് പാര്‍ട്ടിയെ കൂട്ടുപിടിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. രാംനാഥ് കോവിന്ദിന്റെ പദവി കഴിയുന്നതോടെ രാഷ്ട്രപതിസ്ഥാനത്തേക്ക് പവാറിനെ പരിഗണിക്കാമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് മഹാരാഷ്ട്ര ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി മുന്നോട്ട് വച്ചത്. ഈ സാഹചര്യത്തില്‍ പവാര്‍- മോദി കൂടിക്കാഴ്ചയ്ക്ക് വന്‍ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എന്നാല്‍, കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് എന്‍.സി.പി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനാണ് സോണിയ- പവാര്‍ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. പൊതുമിനിമം പരിപാടിയെക്കുറിച്ച് സാധ്യമായ ധാരണയില്ലെത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ വരാനിനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും സ്വീകരിക്കേണ്ട നിലപാടിനെകുറിച്ചും സഖ്യസാധ്യതയെക്കുറിച്ചും ഇന്നത്തെ കൂടികാഴ്ച്ചയില്‍ ചര്‍ച്ചയായേക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചെങ്കിലും മുഖ്യമന്ത്രിപദവി രണ്ടരവര്‍ഷം വീതം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി തള്ളിയതോടെയാണ് മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ പോയത്. തര്‍ക്കം നീണ്ടതോടെ എന്‍.ഡി.എ വിട്ട ശിവസേന മറ്റുവഴികള്‍ ആരാഞ്ഞതോടെയാണ് ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണചര്‍ച്ച സജീവമായത്. ബി.ജെ.പിക്ക് 105 സീറ്റുകളാണ് കിട്ടിയത്. കേവലഭൂരിപക്ഷത്തിന് 145 സീറ്റുകള്‍ ആണ് വേണ്ടിയിരുന്നത്.