വിദ്യാര്‍ഥികളുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന്, ഫീസ് വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടരും

ഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തുള്ള ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഇന്ന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചനടത്തും. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് നിയമിച്ച ഉന്നതാധികാര സമിതിയുമായി രാവിലെ 10.30 നാണ് ചര്‍ച്ച. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഫീസ് വര്‍ധനവില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാതെ സമരത്തില്‍നിന്നു പിന്നോട്ടു പോകില്ലെന്ന് യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍ ഉടന്‍ രാജിവയ്ക്കണമെന്നും യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. ഫീസ് വര്‍ധനക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്ത നടപടിയിലും യൂണിയന് പ്രതിഷേധമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കലാപമുണ്ടാക്കല്‍, മാരകായുധം കൈവശം വെക്കല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരോധനാജ്ഞ നിയമം മൂന്നാം വകുപ്പ് പ്രകാരവും പൊതുമുതല്‍ നശിപ്പിച്ചത്് സംബന്ധിച്ചും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് ലാത്തി ചാര്‍ജിനെതിരെ വിദ്യാര്‍ഥികളും പരാതി നല്‍കിയിരുന്നു.