വിശദീകരണവുമായി പി. മോഹനന്‍: മുസ്ലിം സമുദായത്തെ അപമാനിച്ചിട്ടില്ല, ഉദ്ദേശിച്ചത് പോപ്പുലര്‍ ഫ്രണ്ടിനെ

കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട്ടെ മുസ്ലിം
തീവ്രവാദികളാണെന്ന ആരോപണത്തിന് വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. താന്‍ മുസ്ലിം സമുദായത്തെ മൊത്തത്തില്‍ അപമാനിച്ചിട്ടില്ലെന്നും താന്‍ ഉദ്ദേശിച്ചത് എന്‍.ഡി.എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ അഭിപ്രായമല്ല പറഞ്ഞത്. പൊതുവായ അഭിപ്രായമാണ്. മുസ്ലിം തീവ്രവാദം എന്ന വാക്ക് എല്ലാവരും ഉപയോഗിക്കുന്നതാണ്. എന്‍.ഡി.എഫും പോപ്പുലര്‍ ഫ്രണ്ടുംമുസ്ലിം സമൂഹത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നതല്ല. അവര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് മുസ്ലിം സമൂഹത്തെ മൊത്തത്തില്‍ പ്രതികൂട്ടിലാക്കേണ്ടതുമില്ല. അവര്‍ ഉണ്ടാക്കുന്നത് ഛിദ്രതയാണെന്ന് ആര്‍ക്കാണറിയാത്തതെന്നും ഇവരുടെ പ്രവര്‍ത്തനം ഹിന്ദുത്വശക്തികള്‍ക്കാണ്
ഉപകരിക്കുന്നതെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നു. അതിനെ തടയിടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളുടെ പിന്നിലെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. കോഴിക്കോട്ട് നടന്ന കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. ആരാണ് മാവോയിസ്റ്റുകളുടെ പിന്‍ബലമെന്ന് പോലീസ് പരിശോധിക്കണം. കോഴിക്കോട് ആസ്ഥാമനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളാണ് അവരെ വളര്‍ത്തുന്നത്. പോലീസ് പരിശോധിക്കണം. അവരാണ് ഇതിനെ പ്രോല്‍സാഹിപ്പിക്കുന്നത്. അവര് തമ്മില്‍ ചങ്ങാത്തമാണ്. ഈ എന്‍.ഡി.എഫുകാര്‍ക്കും മറ്റു ചില മുസ്ലിം സംഘടനകള്‍ക്കും എന്തു താല്‍പര്യമാണ് ഈ മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കാന്‍ എന്നും മോഹനന്‍ മാസ്റ്റര്‍ ചോദിച്ചിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെയാണ് ഉദ്ദേശിച്ചതെന്നു പറഞ്ഞ അദ്ദേഹം മറ്റു മുസ്ലിം സംഘടന ഏതാണെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എന്‍.ഡി.എഫ് നിരോധിക്കപ്പെട്ട സംഘടനയാണ്. അതാകട്ടെ പോപ്പുലര്‍ ഫ്രണ്ടിന്റെ പോഷക സംഘടനയുമായിരുന്നു. അപ്പോഴും മറ്റു മുസ്ലിം സംഘടനകളെക്കുറിച്ച് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ് അദ്ദേഹം.