സി.പി.എമ്മിനെതിരേ വീണ്ടും കാനം: രാഷ്ട്രീയ വിയോജിപ്പുള്ളവരോട് മറുപടി പറയേണ്ടത് വെടിയുണ്ട കൊണ്ടല്ല

കോഴിക്കോട്: മാവോയിസ്റ്റ് വിഷയത്തില്‍ സി.പി.എമ്മിനെതിരേയും പോലീസിനെതിരേയും രൂക്ഷ വിമര്‍ശനവുമായി വീണ്ടും സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയമായി വിയോജിപ്പുള്ളവരോട് മറുപടി പറയേണ്ടത് വെടിയുണ്ട കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട  മേഖലയില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നില്ല. അവിടെ പ്രശ്നങ്ങളുണ്ടെന്നു വരുത്തി തീര്‍ക്കേണ്ടത് പോലീസിന്റെ ആവശ്യമാണ്. അതിനു ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൂട്ടുനില്‍ക്കരുത്. സംസ്ഥാനത്തെ ചീഫ് സെക്രട്ടറി ശ്രമിച്ചതും അത്തരം ഇല്ലാക്കഥകള്‍ക്ക് അടിവരയിടാനാണ്. പോലീസ് നടപടി രാജ്യത്താകമാനം ഇടതുപക്ഷത്തിന്റെ നടപടികളെ ദുര്‍ബലമാക്കും കാനം പറഞ്ഞു. എഴുന്നേറ്റ് നില്‍ക്കാന്‍പോലും കഴിയാത്തവരെ കൊടുംകുറ്റവാളികളായി പോലീസ് ചിത്രീകരിക്കുകയാണ്. പുസ്തകങ്ങള്‍ വായിക്കുന്നത് എങ്ങനെ കുറ്റമാകും. ഇത് തീര്‍ച്ചയായും ചെറുക്കപ്പെടേണ്ടതാണെന്നും കാനം പറഞ്ഞു. പോലീസുകാര്‍ പറയുന്നത് അതേപടി ഏറ്റുപാടുന്ന കമ്മ്യൂണിസ്റ്റുകാരോട് ഒരു ബഹുമാനമില്ലെന്ന് പി. മോഹനന്‍ നടത്തിയ പ്രസ്താവനക്കുള്ള മറുപടിയായി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. ഇസ്ലാമിക തീവ്രവാദികളുമായി മാവോയിസ്റ്റുകള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് തനിക്കറിയില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ലെങ്കിലും അവരുടെ പ്രവര്‍ത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യെച്ചൂരി ദില്ലിയില്‍ പറഞ്ഞു. കോഴിക്കോട് യു.എ.പി.എ കേസ് ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെ പിതാവുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം.