പി. മോഹനനെ തള്ളി യെച്ചൂരിയും കാനവും, പരാമര്‍ശം സി.പി.എമ്മിനെ തിരിഞ്ഞു കുത്തുന്നു

കോഴിക്കോട്: ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനക്കെതിരേ സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത്.
പോലീസുകാര്‍ പറയുന്നത് അതേപടി ഏറ്റുപാടുന്ന കമ്മ്യൂണിസ്റ്റുകാരോട് ബഹുമാനമില്ലെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഇസ്ലാമിക തീവ്രവാദികളുമായി മാവോയിസ്റ്റുകള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് തനിക്കറിയില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ മാവോയിസ്റ്റുകളു
ടെ ആശയഗതിയോട് യോജിപ്പില്ലെങ്കിലും അവരുടെ പ്രവര്‍ത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. താമരശ്ശേരിയില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലാണ് പി.മോഹനന്റെ വിവാദപ്രസ്താവനയുണ്ടായത്.
ഇത് സി.പി.എമ്മിനു നേരെ തന്നെ തിരിഞ്ഞു കുത്തുകയാണിപ്പോള്‍. മാവോയിസ്റ്റുകള്‍ക്ക് തീവ്ര ഇസ്ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. തീവ്ര മുസ്ലിം സംഘടനകളും മാവോയിസ്റ്റുകളും
സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സമഗ്ര അന്വേഷണം ഈ വിഷയത്തില്‍ ആവശ്യമാണെന്നും കുമ്മനം പറഞ്ഞു.എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായതിന്റെ പഴി മറ്റുള്ളവര്‍ക്ക് മേല്‍ ചാര്‍ത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നാണ് മുസ്ലിംലീഗ് തിരിച്ചടിച്ചത്.