ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഡീനിന്റെ ഉറപ്പ്; ഐ.ഐ.ടി വിദ്യാര്‍ഥികള്‍ നിരാഹാരസമരം അവസാനിപ്പിച്ചു

ചെന്നൈ: ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡീന്‍ ഉറപ്പു നല്‍കിയതോടെയാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിചത്. ഐ.ഐ.ടി ഡയറക്ടര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ ഫാത്തിമയുടെ മരണത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഡീന്‍ ഉറപ്പുനല്‍കി. എല്ലാ വകുപ്പുകളിലും ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കാമെന്നും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്നും ഡീന്‍ വ്യക്തമാക്കി. ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ കുറിപ്പില്‍ പേരു പരാമര്‍ശിക്കപെട്ട മൂന്ന് അധ്യാപകരെ ഐ.ജി. ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. സുദര്‍ശന്‍ പത്മനാഭന്‍, സഹ അധ്യാപകരായ മിലന്ദ്, ഹേമചന്ദ്രന്‍ എന്നിവരെയാണ് അന്വേഷണ സംഘം ഐ.ഐ.ടി ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.