രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 316 ഇടത്ത് കോണ്‍ഗ്രസ്‌

ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. സംസ്ഥാനത്തെ 49 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കവേ 316 വാര്‍ഡില്‍ കോണ്‍ഗ്രസും 234 ഇടത്ത് ബി.ജെ.പിയും വിജയിച്ചു. നൂറിലേറെ സ്ഥലങ്ങളില്‍ സ്വതന്ത്രരും മുന്നേറുകയാണ്. 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി മൊത്തം 2,105 വാര്‍ഡുകളാണ് ഉള്ളത്. ഉച്ച കഴിഞ്ഞാല്‍ മാത്രമെ പൂര്‍ണഫലം അറിയൂ. തദ്ദേശസ്ഥാപനങ്ങളിലെ 2105 വാര്‍ഡ് കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ശനിയാഴ്ചയാണ് നടന്നത്. മൊത്തം വോട്ടിംഗ് ശതമാനം 71.5 ആയിരുന്നു. 2014ല്‍ നടന്ന ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ 49 ല്‍ 37 ഇടത്തും ബി.ജെ.പിക്കായിരുന്നു വിജയം. കോണ്‍ഗ്രസിന് ആറിടത്ത് മാത്രമായിരുന്നു വിജയിക്കാനായത്. എന്നാല്‍ അഞ്ചുവര്‍ഷത്തിനു ശേഷം ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കുന്ന വിധത്തിലാണ് ഇന്നു രാവിലെ പുറത്തുവരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.