ജെ.എന്‍.യു പ്രതിഷേധം; വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപണം, പോലീസിനെതിരെ അധ്യാപക സംഘടന

ഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരെയുള്ള പോലീസ് നടപടിക്കെതിരെ ജെ.എന്‍.യു അധ്യാപക സംഘടന. ഇന്ന് ക്യാംപസില്‍ അധ്യാപക സംഘടന പ്രതിഷേധം നടത്തും. ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് സമരം പോലീസ് നടപടിയെ തുടര്‍ന്ന് അവസാനിപ്പിച്ചു. പ്രതിഷേധ സമരം നടത്തിയ വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ച് പോലീസ് ഒഴിപ്പിക്കുകയായിരുന്നു. കാഴ്ചശക്തിയില്ലാത്ത വിദ്യാര്‍ത്ഥികളെ അടക്കം പോലീസ് മര്‍ദ്ദിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

എന്നാല്‍ ഫീസ് വര്‍ധന പൂര്‍ണ്ണമായി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ വ്യക്തമാക്കി. ജെ.എന്‍.യുവില്‍ നിന്ന് ആരംഭിച്ച വിദ്യാര്‍ത്ഥികളുടെ കാല്‍നടയായുള്ള സമരം തുഗ്ലക്ക് റോഡില്‍ വച്ച് പോലീസ് പൂര്‍ണ്ണമായും തടയുകയായിരുന്നു. രാത്രിയായതോടെ തെരുവുവിളക്കുകള്‍ അണച്ച് ശേഷം വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ചാണ് പോലീസ് ഒഴിപ്പിച്ചത്. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം നിയോഗിച്ച സമിതിയുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് വാഹനത്തില്‍ കയറ്റിയെങ്കിലും മണിക്കൂറുകളോളം കാത്തിരുത്തിയശേഷം സമയം വൈകിയെന്ന് മറുപടിയാണ് ലഭിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.