ജെ.എന്‍.യു ഫീസ് വര്‍ദ്ധനക്ക് എതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം; ഡല്‍ഹിയിലെ നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

ഡല്‍ഹി: ജെ.എന്‍.യു ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. പോലീസ് നിര്‍ദ്ദേശം മറികടന്ന് വിദ്യാര്‍ഥികള്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. ആഫ്രിക്ക അവന്യൂവിന് സമീപം എത്തിയ ഒരു സംഘം പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ നാല് പ്രധാന മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ അധികൃതര്‍ അടച്ചു. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടത്. രാവിലെ അറസ്റ്റിലായ 56 വിദ്യാര്‍ഥികളെ വിവിധ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ പോലീസ് തല്ലിച്ചതച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. കുത്തനെ വര്‍ധിപ്പിച്ച ഫീസ് നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. പാര്‍ലമെന്റ് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 1200ലേറെ പോലീസുകാരെയാണ് പാര്‍ലമെന്റ് പരിസരത്ത് നിയോഗിച്ചത്.