ഇന്ത്യയില്‍ ഇനി വിസ ഓണ്‍ അറൈവല്‍

യു.എ.ഇ: അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പുതിയ വിസാ നടപടികള്‍ പ്രാബല്യത്തില്‍. ഇതുപ്രകാരം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസാ സൗകര്യം ലഭിക്കും. എന്നാല്‍ കേരളത്തിലെ വിമാനത്താവളങ്ങില്‍ ഈ സൗകര്യം ലഭ്യമാകില്ല. ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എയര്‍പോര്‍ട്ടുകളിലാണ് വിസാ ഓണ്‍ അറൈവല്‍ സൗകര്യം നിലവില്‍ ലഭിക്കുക. ഡബിള്‍ എന്‍ട്രി സൗകര്യത്തില്‍ രണ്ടു മാസക്കാലത്തെ വിസാ സൗകര്യമാണ് യു.എ.ഇ പൗരന്‍മാര്‍ക്ക് ലഭിക്കുക. ബിസിനസ്, ടൂറിസം, ചികില്‍സ എന്നിവക്കു പുറമെ സമ്മേളനങ്ങളില്‍ പങ്കു ചേരാനും ഇതിലൂടെ സാധിക്കും.

ഇന്ത്യയിലേക്കുള്ള വിസ നിയമം കൂടുതല്‍ ഉദാരമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. നവംബര്‍ 16 മുതല്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നടപ്പില്‍ വന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും, പോക്കുവരവുകള്‍ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. ആദ്യമായാണ് ഇന്ത്യയില്‍ പോകുന്നതെങ്കില്‍ ഇ-വിസ ഉറപ്പാക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.