പോലീസ് അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച കരിമഠം കോളനിയിലെ ബിജുവിനെയാണ് പിന്നീട് വീട്ടിനകത്ത് ആത്മഹത്യ
ചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. പോലീസ് കസ്റ്റഡിയില്‍ ഇയാള്‍ക്ക് മര്‍ദനമേറ്റിരുന്നോ എന്നകാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ അറിയാന്‍ സാധിക്കൂ. ഓട്ടോ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച രാത്രി ബിജുവിനെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ജാമ്യത്തില്‍ വിട്ടയച്ചതായാണ് പോലീസ് പറയുന്നത്. എന്നാല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംശയം തോന്നിയാണ് ബിജുവിനെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ചോദ്യം ചെയ്യലില്‍ ബിജുവും സംഘര്‍ഷത്തില്‍ പങ്കാളിയാണെന്ന്മനസിലായതായും പോലീസ് വ്യക്തമാക്കുന്നു. സ്റ്റേഷന്‍ ജാമ്യത്തില്‍ മാത്രം വിട്ടയക്കാവുന്ന കുറ്റമാണ് ചെയ്തത്. ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ബിജുവിനെ ഞായറാഴ്ച സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നുവെന്നും പോലീസ് പറയുന്നു. ബിജുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുകയാണ്. ഇതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.