കശ്മീര്‍ വിഷയത്തില്‍ കത്തി ലോക്സഭാ തുടക്കം; ഫാറൂഖ് അബ്ദുല്ല എവിടെയെന്ന് പ്രതിപക്ഷം

ഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തോടെ ലോക്സഭാ സമ്മേളനത്തിന് തുടക്കം. കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും നേതൃത്വത്തില്‍ എം.പിമാര്‍ കടുത്ത പ്രതിഷേധം നടത്തുകയും സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
അന്തരിച്ച മുന്‍ മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും അനുശോചനം രേഖപ്പെടുത്തി സഭ തുടങ്ങിയപ്പോള്‍ തന്നെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല എവിടെയന്ന ചോദ്യത്തോടെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ടി.ഡി.പി എം.പി കെസിനേനി ശ്രീനിവാസ് ആണ് ഇതുസംബന്ധിച്ച് ആദ്യം ചോദ്യമുന്നയിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ‘ഞങ്ങള്‍ക്ക് നീതി വേണം’, ‘ഫാറൂക്ക് അബ്ദുല്ലയെ മോചിപ്പിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ബഹളം ഉണ്ടാക്കുന്നതിനു പകരം വിഷയം ചര്‍ച്ചചെയ്യാമെന്ന് സ്പീക്കര്‍ ഓം ബിര്‍ലയും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും പ്രതിപക്ഷത്തോട് പറഞ്ഞു. കശ്മീര്‍ വിഷയം ബി.ജെ.പി അന്താരാഷ്ട്ര പ്രശ്നമാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് ലോക്സഭാ നേതാവ് അധിര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ സഭയില്‍ എത്താത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഫാറൂഖ് അബ്ദുല്ല തടങ്കലില്‍ അല്ലെന്നാണ് ഓഗസ്റ്റില്‍ അമിത്ഷാ പറഞ്ഞത്. എന്നാല്‍ 108 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അദ്ദേഹം ഇവിടെയില്ല. എന്താണിതിന് കാരണമെന്നും അധിര്‍ രജ്ഞന്‍ ചൗധരി ചോദിച്ചു.