വീണ്ടും സംഘര്‍ഷഭരിതമായി ജെ.എന്‍.യു; പാര്‍ലമെന്റിന് മുന്നിലേക്ക് നടത്തിയ ലോങ് മാര്‍ച്ച് പോലീസ് തടഞ്ഞു

ഡല്‍ഹി: ജെ.എന്‍.യു ക്യാംപസില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഫീസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിന് മുന്നിലേക്ക് പ്രതിഷേധ ലോങ് മാര്‍ച്ച് നടത്തുന്ന സാഹചര്യത്തിലാണ് നിരാധനാജ്ഞ പ്രഖ്യാപിച്ചത്. പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി പ്രധാന ഗേറ്റിലേക്ക് മാര്‍ച്ച് തുടങ്ങി. ഭാഗികമായി റദ്ദാക്കിയ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം ജെ.എന്‍.യു അധികൃതര്‍ ഭാഗികമായി റദ്ദാക്കിയിരുന്നു. സര്‍വ്വീസ് ചാര്‍ജായി തുക ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചിരുന്നില്ല. പ്രധാന ഗേറ്റില്‍ പ്രതിഷേധക്കാരെ തടയുമെന്നാണ് പോലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതല്‍ പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ പതിനൊന്ന് കിലോമീറ്റര്‍ പിന്നിട്ട് ലോങ് മാര്‍ച്ച് പാര്‍ലമെന്റില്‍ എത്തുക തന്നെ ചെയ്യുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.