അനിശ്ചിതത്വം അവസാനിക്കുമോ?; സോണിയാ ഗാന്ധി- ശരദ് പവാര്‍ കൂടിക്കാഴ്ച ഇന്ന്

ഡല്‍ഹി: മഹാരാഷ്ട്രയില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിലെ അനിശ്ചിതത്വം നീങ്ങുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പൂനെയില്‍ എന്‍.സി.പിയുടെ കോര്‍ കമ്മിറ്റി യോഗം നടക്കുന്നതിനാലാണ് കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ച മാറ്റാന്‍ കാരണം. ശിവസേനാ സ്ഥാപകന്‍ ബാലാസാഹിബ് താക്കറെയുടെ ചരമ വാര്‍ഷിക ദിനാചരണം മുംബെയില്‍ നടക്കുന്നതു കൊണ്ട് ഡല്‍ഹിയിലെ യോഗത്തില്‍ ഉദ്ദവ് താക്കറെ പങ്കെടുക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്‍.സി.പി ഇന്ന് പൂണെയില്‍ നടത്തുന്ന കോര്‍ കമ്മിറ്റി യോഗം പെട്ടെന്ന്  തീരുമാനിച്ചതായിരുന്നു. ശിവസേനയുടെയും എന്‍.സി.പിയുടെയും നേതാക്കള്‍ സംസ്ഥാനത്ത് സജീവമായ രാഷ്ട്രീയ നീക്കങ്ങളിലായതു കൊണ്ട് ഡല്‍ഹിയിലെ കൂടിക്കാഴ്ച നീണ്ടുപോയതാണെന്നാണ് ഇരു സംഘടനകളും പറയുന്നത്. പൊതുമിനിമം പരിപാടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ സ്വീകരിക്കേണ്ട നിലപാടും കുറെക്കൂടി കൃത്യമായി ധാരണയിലെത്തിയതിനു ശേഷം ഡല്‍ഹിയിലെ കൂടിക്കാഴ്ചകള്‍ നടത്തുന്നതാണ് ഉചിതമെന്ന് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.