സ്മാര്‍ട്ട് സിറ്റി പണിയാന്‍ കര്‍ഷകരുടെ ഭൂമി ഏറ്റെടുത്തതിനെതിരേ പ്രക്ഷോഭം ശക്തം; പോലീസുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

ഡല്‍ഹി: കാര്‍ നിര്‍മാണശാല പണിയാന്‍ കര്‍ഷകരുടെ ഭൂമി പിടിച്ചുവാങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ച ബംഗാളിലെ നന്ദിഗ്രാമിന് സമാനമായി മാറുകയാണ് ഉത്തര്‍പ്രദേശിലെ ഉന്നാവിലെ അവസ്ഥ. ട്രാന്‍സ് ഗംഗ സിറ്റി പ്രൊജക്ട് എന്ന പേരില്‍ സ്മാര്‍ട്ട് സിറ്റി നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരേ കടുത്ത പ്രക്ഷോഭത്തിലാണ് ഇവിടുത്തെ കര്‍ഷകര്‍. കഴിഞ്ഞ ദിവസം പദ്ധതി പ്രദേശത്തേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് പോലീസുമായുള്ള രൂക്ഷമായ സംഘര്‍ഷത്തിലാണ് കലാശിച്ചത്. പോലീസ് കര്‍ഷകരെ ഭീകരമായി ലാത്തിച്ചാര്‍ജ്ജ് ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്കും അഡീഷണല്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഏഴോളംപോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന നിരവധി നിര്‍മാണ സാമഗ്രികള്‍ പ്രക്ഷോഭക്കാര്‍ അഗ്‌നിക്കിരയാക്കി. നിര്‍മാണ സ്ഥലത്തേക്ക് രൂക്ഷമായ കല്ലേറും നടന്നിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന വൈദ്യുത സബ്സ്റ്റേഷനിലേക്കുള്ള വലിയ പൈപ്പും പ്രക്ഷോഭക്കാര്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. ന്യായമായ നഷ്ടപരിഹാരം പോലും നല്‍കാതെയാണ് തങ്ങളുടെ ഭൂമി തട്ടിയെടുത്തതെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിരവധി തവണ സര്‍ക്കാര്‍ അധികൃതരുമായും പോലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെങ്കിലും യാതൊരു മാറ്റവുമുണ്ടായിട്ടില്ല. തങ്ങളുടെ കൂടെയുണ്ടായിരുന്ന കര്‍ഷക സ്ത്രീകളെ വരെ പുരുഷ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അവര്‍ ആരോപിച്ചു. അതേസമയം കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരേയും തിരിച്ചറിയാത്ത ഇരുനൂറോളം പേര്‍ക്കെതിരേയും കേസെടുത്തതായി പോലീസ് അറിയിച്ചു.