അഞ്ചേക്കര്‍ ഭൂമി വേണ്ട; പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ലഖ്നൗ: അയോധ്യ കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കും.പള്ളി നിര്‍മ്മിക്കാനുള്ള അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടെന്നും യോഗത്തില്‍ തീരുമാനമായി. ഇസ്ലാമിക നിയമം അനുസരിച്ച് പള്ളിക്കായി വഖഫ് ചെയ്ത ഭൂമി മറ്റൊരു ഭൂമിക്ക് പകരം കൈമാറാന്‍ ആവില്ലെന്ന് യോഗം വിലയിരുത്തി. അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പൂര്‍ണമായും മുസ്ലീം പക്ഷത്തിന് എതിരാണ്. പുനഃപരിശോധനാ ഹര്‍ജിക്ക് മുമ്പായി വിധിയിലെ പിഴവുകള്‍ സംബന്ധിച്ച് ബോര്‍ഡിനു കീഴിലെ നിയമസമിതി കൂടിയാലോചിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

എന്നാല്‍, കേസില്‍ ഇനി നിയമ പോരാട്ടം വേണ്ടെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡിനുള്ളത്. പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്റെയും കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇക്ബാര്‍ അന്‍സാരിയുടെയും നിലപാട്. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷനും ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിയും നിരസിച്ചത് ശ്രദ്ധേയമായി.