ശബരിമല വിധി: നിയമപരമായി സ്റ്റേയില്ല, പ്രായോഗികമായി ഉണ്ടെന്ന് മന്ത്രി എ.കെ ബാലന്‍

പാലക്കാട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഉത്തരവില്‍ നിയമപരമായി സ്റ്റേയില്ലെങ്കിലും പ്രായോഗികമായി നോക്കിയാല്‍ സ്റ്റേ ഉണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. കേസ് ഏഴംഗ വിശാല ബെഞ്ചിനു വിട്ടതോടെ അത് റീ ഓപ്പണ്‍ ചെയ്ത നിലയിലാണ്. കോടതി വിധി അനുസരിച്ചേ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സാധിക്കൂ. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി  പറഞ്ഞു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ലിംഗ സമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു. അതേസമയം ശബരിമലയിലെത്തുന്ന യുവതികളെ തടയാന്‍ നിലയ്ക്കലും പമ്പയിലും കര്‍ശന പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ പോലീസ് പമ്പയില്‍ വെച്ച് തിരിച്ചയയ്ക്കുകയും ചെയ്തു.