പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധം; സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: ഇരുചക്രവാഹനങ്ങളിൽ പുറകിലിരുന്ന് യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന കേന്ദ്രസർക്കാർ നിയമം കർക്കശമായി പാലിക്കാൻ സംസ്ഥാന സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ അന്ത്യശാസനം. പിന്‍സീറ്റിൽ യാത്ര ചെയ്യുന്നവക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് കാട്ടി രണ്ട് ദിവസങ്ങൾക്കകം ഉത്തരവിറക്കാൻ കോടതി സർക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. വിഷയം ഗൗരവമായി പരിഗണിച്ചില്ലെങ്കിൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും സർക്കാരിന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.

പിന്‍സീറ്റിലുള്ളവരും ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന കേന്ദ്ര നിയമത്തിനെതിരെ ഭേദഗതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴായിരുന്നു സര്‍ക്കാരിന് രൂക്ഷവിമർശനം നേരിടേണ്ടി വന്നത്. കേന്ദ്ര നിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരുകൾക്ക് അധികാരമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നയം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ പിന്‍സീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ നീക്കമാരംഭിച്ചതായാണ് റിപ്പോർട്ട്.