പൊതുമുതല്‍ നശിപ്പിച്ചെന്നാരോപണം; ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഡല്‍ഹി: കോളജ് ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തില്‍ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വിവേകാനന്ദ പ്രതിമ തകര്‍ത്തു, വൈസ് ചാന്‍സിലറുടെ ഓഫീസ് ആക്രമിച്ചു തുടങ്ങിയവയാണ് പ്രധാന ആരോപണം. കേസില്‍ ഉള്‍പ്പെട്ട ഏഴ് വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവം നടന്നത് നവംബര്‍ നാലിനാണെന്നും പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ച വിവേകാന്ദ പ്രതിമ തകര്‍ത്തുവെന്ന് കാണിച്ച് സ്വാമി വിവേകാനന്ദ സ്റ്റാച്യൂ കമ്മിറ്റി ചെയര്‍മാന്‍ ബുദ്ധ സിംഗ് പരാതി നല്‍കിയിരുന്നു.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഫീസ് വര്‍ധനവ് ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ നിലവിലെ ഫീസ് അംഗീകരിക്കാനാവുന്നതല്ലെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിച്ചിരുന്നു. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ധനവ് ഉണ്ടായിരുന്നു. മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കിയും ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന  റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും വേണമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാവുകയായിരുന്നു. പിന്നീട് ഫീസ് വെട്ടികുറച്ച് രണ്ട് പേര്‍ താമസിക്കുന്ന റൂമിന് 100 രൂപയും ഒരാള്‍ താമസിക്കുന്ന റൂമിന് 200 രൂപയും ആക്കി. പക്ഷെ ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കണം എന്ന തീരുമാനത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.