അയോധ്യ വിധി: മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കും

ലഖ്നൗ: ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചര്‍ച്ചചെയ്യാനായി വിളിച്ച മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കും. ലഖ്നൗവിലാണ് യോഗം നടക്കുന്നത്. സുപ്രീംകോടതിയുടെ വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കണോയെന്നതാവും ഇന്നത്തെ യോഗത്തിലെ പ്രധാന ചര്‍ച്ച. ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍, പുനപരിശോധനാ ഹര്‍ജി നല്‍കുന്നത് പരിഗണിക്കുമെന്ന് ബോര്‍ഡ് നേതാക്കള്‍ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് ഇന്ന് യോഗം വിളിച്ചത്.

അയോധ്യ കേസില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡ് കക്ഷിയല്ലാത്തതിനാല്‍ കേസില്‍ കക്ഷികളായവര്‍ മുഖേന പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനെ കുറിച്ചാണ് ആലോചന നടക്കുന്നത്. അതേ സമയം പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിരുന്നു. വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷിക്കാരിലൊരാലായ ഇക്ബാല്‍ അന്‍സാരിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പള്ളി പണിയാനായുള്ള അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുതെന്ന നിലപാടിലാണ് ബോര്‍ഡിലെ നിരവധി അംഗങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചാല്‍ ഭൂമി സ്വീകരിക്കുന്നത് മാറ്റിവച്ചേക്കും. മുസ്‌ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വിഷയം കൂടി സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ട വിഷയവും യോഗത്തില്‍ ചര്‍ച്ചയായേക്കും.