ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധിയില്‍ വ്യക്തതയില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ

ഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്ന് സി.പി.എം പോളിറ്റ്ബ്യുറോ യോഗം. വിധിയില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടണമെന്നും പോളിറ്റ്ബ്യുറോ ആവശ്യപ്പെട്ടു. ശബരിമലയിലെ വനിതാ പ്രവേശനം സംബന്ധിച്ച നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന അഭിപ്രായമാണ് ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പി.ബി യോഗത്തില്‍ പൊതുവെ ഉയര്‍ന്നത്. യുവതി പ്രവേശനത്തില്‍ ലിംഗ സമത്വം ഉയര്‍ത്തിപ്പിടിക്കുന്നതാണ് നിലപാട്. അതില്‍ മാറ്റമില്ല. പാര്‍ട്ടി നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും പി.ബി അംഗം പ്രതികരിച്ചു. സംസ്ഥാന ഘടകത്തിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വിശദീകരിച്ചു. കേരളത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സാഹചര്യം നാളെ യോഗം ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടല്ല കേന്ദ്രഘടകത്തിനുള്ളത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. രണ്ടു ദിവസത്തേക്ക് ചേരുന്ന സമ്മേളനം അയോധ്യാ വിധി, കശ്മീര്‍, പാര്‍ലമെന്റ് യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ തുടങ്ങിയ നിരവധി കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. യോഗം നാളെ സമാപിക്കും.