പാര്‍ലമെന്റില്‍ പ്രതിപക്ഷനിരയിലിരിക്കും ശിവസേന; ഇനി എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കില്ല

ഡല്‍ഹി: എന്‍.ഡി.എ വിട്ടത് എല്ലാ അര്‍ത്ഥത്തിലുമാണെന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷനിരയിലിരിക്കുമെന്നും ഇനി മുന്നണി യോഗത്തില്‍ സംബന്ധിക്കില്ലെന്നും ശിവസേന അറിയിച്ചു. പാര്‍ട്ടി രാജ്യസഭാംഗവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവുത്ത് ആണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ എം.പിമാരെ എങ്ങിനെ ഇരുത്താം എന്ന് ശിവസേനയ്ക്ക് അറിയാം റാവുത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദം പങ്കിടുന്നതിനെച്ചൊല്ലി ബി.ജെ.പിയുമായുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ശിവസേന എന്‍.ഡി.എ വിട്ടത്. അതേസമയം, രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം എങ്ങുമെത്തിയില്ല. ഇന്ന് കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന നേതാക്കള്‍ തമ്മില്‍ ചര്‍ച്ചനടത്തുകയും പിന്നാലെ വൈകീട്ട് 4.30ന് ഗവര്‍ണറെ കാണാന്‍ തീരുമാനിക്കുകയും ചെയ്തെങ്കിലും
കൂടിക്കാഴ്ച പെട്ടന്ന് റദ്ദാക്കി. ഗവര്‍ണറെ കാണാനുള്ള അനുമതി ലഭിക്കാതിരുന്നതുകൊണ്ടാണ് കൂടിക്കാഴ്ച മാറ്റിവച്ചതെന്നാണ് നേതാക്കള്‍ അറിയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാനല്ല, സംസ്ഥാനത്തെ കര്‍ഷക പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് ഗവര്‍ണറെ കാണുന്നതെന്ന് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. പൊതുമിനിമം പരിപാടികളുടെ കരട് തയാറായ സാഹചര്യത്തിലാണ് നേതാക്കള്‍ ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചതെങ്കിലും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഗവര്‍ണറുടെ സമയം തേടിയതെന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പ് സന്ദര്‍ശനം റദ്ദാക്കിയത്. അതേസമയം, സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് നാള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറും ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തുന്നുണ്ട്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് അതിന്റെ മറവില്‍ ബി.ജെ.പിക്ക് കുതിരക്കച്ചവടം നടത്താനാണെന്ന് ശിവസേനയുടെ മുഖപത്രം സാംന ആരോപിച്ചു. ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് പറയുന്നവര്‍ നേരത്തെ ഗവര്‍ണറെ കണ്ട് തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കിതാണെന്ന് ഓര്‍ക്കണം. ഈ ആഴ്ച ആദ്യം ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ തങ്ങള്‍ക്ക് അതിനുള്ള ഭൂരിപക്ഷമില്ലെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. മുന്‍പ് ഇല്ലാതിരുന്ന ഭൂരിപക്ഷം രാഷ്ട്രപതി ഭരണത്തിന്റെ തണലില്‍ എങ്ങനെയാണ് ബി.ജെ.പിക്ക് ലഭിച്ചതെന്നും സാംനയിലെ മുഖപ്രസംഗം ചോദിച്ചു.