അഴിമതി നടത്തിയതായി കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സൗദി ഭരണകൂടം വിധിച്ചത് 32വര്‍ഷം തടവും വന്‍ പിഴയും

റിയാദ്: സൗദിയില്‍ അഴിമതിക്കേസില്‍ പിടിയിലായ ഉദ്യോഗസ്ഥര്‍ക്ക് തടവും വന്‍ പിഴയും വിധിച്ചു. സൗദി പബ്ലിക് പ്രൊസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട അഞ്ച് പേര്‍ക്കുമായി വ്യത്യസ്ത കാലയളവിലായി ആകെ 32 വര്‍ഷം തടവിനു പുറമേ 9 മില്യന്‍
റിയാലുമാണു പിഴ വിധിച്ചത്. ധനകാര്യ, അഡ്മിനിസ്റ്റ്രേറ്റീവ് മേഖലകളില്‍ നടന്ന അഴിമതിക്കായിരുന്നു ശിക്ഷ വിധിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട ഇവര്‍ക്കെതിരേ നടത്തിയ അന്വേഷണത്തില്‍ 300 ലധികം തെളിവുകളായിരുന്നു ലഭിച്ചിരുന്നത്. ഇവരുടെ സ്വകാര്യ അക്കൗണ്ടുകളില്‍ അനധികൃതമായ നിലയില്‍ കണ്ടെത്തിയ പണം പിടിച്ചെടുത്തതായും സൗദി പബ്ലിക് പ്രോസിക്യുഷന്‍ അറിയിച്ചു. കൈക്കൂലി വാങ്ങിയതായും വ്യാജരേഖ ചമച്ചതായും വ്യക്തിപരമായ നേട്ടം കൈവരിക്കുന്നതിനായി തന്റെ സ്ഥാനം ഉപയോഗപ്പെടുത്തിയതായും ആരോപിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന് 12 വര്‍ഷം ജയിലും പത്ത് ലക്ഷം റിയാല്‍ പിഴയുമാണ് വിധിച്ചത്. പൊതു ഫണ്ട് പാഴാക്കല്‍, അന്യായമായ ധന സമ്പാദനം, സര്‍ക്കാര്‍ സ്വത്ത് വില്‍ക്കല്‍ എന്നിവയും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അഴിമതിക്കെതിരെ ശക്തമായ നിലപാടുകളാണു സമീപകാലത്തായി സൗദി അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. സൗദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം അഴിമതി വിരുദ്ധ നീക്കത്തില്‍ രാജകുടുംബാംഗങ്ങളടക്കമുള്ള പ്രമുഖര്‍ അറസ്റ്റിലായിരുന്നു. അന്ന് അറസ്റ്റിലായ സൗദി രാജകുംബാംഗങ്ങള്‍, മുന്‍ മന്ത്രിമാര്‍, വിവിധ തലത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ പലരും പിന്നീട് അഴിമതി പണം സര്‍ക്കാരിലേക്ക് തിരിച്ചു നല്‍കിയതോടെയാണ് മോചിപ്പിക്കപ്പെട്ടത്.