ഇന്ത്യന്‍ ആചാര പ്രകാരം വിവാഹം കഴിക്കാനെത്തിയ ന്യൂസിലന്‍ഡുകാരി ഡല്‍ഹിയില്‍ മരിച്ച നിലയില്‍

ഡല്‍ഹി: ഇന്ത്യന്‍ ആചാരപ്രകാരം വിവാഹം കഴിക്കാനെത്തിയ ന്യൂസിലന്‍ഡുകാരിയെ ഡല്‍ഹിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആസ്ട്രേലിയന്‍ സുഹൃത്തിനൊപ്പമെത്തിയ ടിയാലി പോളി ആനി(49)ന്റെ മൃതദേഹമാണ് ഡല്‍ഹിയിലെ പഹര്‍ഗഞ്ചിലുള്ള ഒരു ഹോട്ടലില്‍ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. രക്തസമ്മര്‍ദ്ദമുണ്ടായിരുന്ന പോളി ആസ്ട്രേലിയന്‍ സുഹൃത്തിനെ ഇന്ത്യന്‍ ആചാരപ്രകാരം വിവാഹം കഴിക്കാനാണ് ഡല്‍ഹിയിലെത്തിയതെന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെയോടെ ഇവരുടെ ആണ്‍ സുഹൃത്താണ് അബോധാവസ്ഥയിലായ പോളിയെ കണ്ടത്. ഉടന്‍ ലേഡി ഹാര്‍ഡിഞ്ച് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് കരുതുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം ഉറപ്പാക്കാനാകൂ എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാവിലെ ഏഴോടെ ആസ്ട്രേലിയയില്‍ നിന്നുള്ള യുവാവ് റിസപ്ഷനില്‍ വരികയും തന്റെ കൂടെയുള്ള സ്ത്രീ ശുചിമുറി ഉപയോഗിക്കുകയാണെന്നും അതിനാല്‍ തനിക്ക് മറ്റൊരു ശുചിമുറി സൗകര്യപ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ടിരുന്നു. ശേഷം
ഇയാള്‍ റൂമിലേക്ക് തന്നെ പോയി. തുടര്‍ന്നാണ് ഇയാള്‍ റൂമില്‍ ബോധരഹിതയായി കിടന്ന കൂട്ടുകാരിയെ കാണുകയും ആശുപത്രിയിലെത്തിക്കാന്‍ തങ്ങളോട് സഹായം ആവശ്യപ്പെട്ടതെന്നും ഹോട്ടല്‍ ഉടമയായ ഗഗന്‍ പറഞ്ഞു.