ഇനി ശരണം വിളിയുടെ നാളുകള്‍; മണ്ഡലക്കാല ഉത്സവത്തിനായി ശബരിമല നട തുറന്നു

സന്നിധാനം: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്നത്. ആഴിയില്‍ ദീപം തെളിയിച്ച ശേഷം പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം നടക്കും. ഇന്ന് പ്രത്യേക പൂജകളുണ്ടാകില്ല. ഇന്ന് രാവിലെ മുതല്‍ തന്നെ വിശ്വാസികള്‍ മല ചവിട്ടാന്‍ തുടങ്ങിയിരുന്നു. സംഘര്‍ഷഭരിതമായിരുന്ന കഴിഞ്ഞ മണ്ഡലകാലത്തിന് വിഭിന്നമായി സാമാധാന അന്തരീക്ഷമാണ് ശബരിമലയില്‍ നിലനില്‍ക്കുന്നത്. ആദ്യ ഘട്ടത്തില്‍ 2800 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ശബരിമല വിധിയില്‍ വ്യത്യസ്ത വാദമുഖങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ എജിയുടെ നിയമോപദേശം തേടുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു
നിലയ്ക്കല്‍ പമ്പ സന്നിധാനം എന്നിവടങ്ങളില്‍ മൂന്ന് എസ്.പി മാരുടെ നേതൃത്വത്തിലാണ് പോലീസിനെ വിന്യസിച്ചിട്ടുള്ളത്. നിലയ്ക്കലില്‍ കര്‍ശന സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടുന്നത്. എന്നാല്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണത്തെ പോലെ കടുത്ത നിയന്ത്രണങ്ങള്‍ ഇത്തവണയില്ല. പമ്പയില്‍ ഇക്കുറി ചെക് പോസ്റ്റ് ഇല്ലെന്നും യുവതികള്‍ എത്തുമ്പോള്‍ അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബഹ്റ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ റിസര്‍വ്ഡ് ഫോഴ്സും സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തിക്കും.സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം എം.എസ്.പി ക്യാമ്പിലെ കോഴിക്കോട് സ്വദേശി ബിജുവാണ് മരിച്ചത്.