ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഡല്‍ഹി ; ഒടുവില്‍ ഓക്സിജനും കുപ്പിയില്‍, 15മിനിറ്റ് ശുദ്ധവായു ശ്വസിക്കാന്‍ 299 രൂപ

ഡല്‍ഹി: എയര്‍ ക്വാളിറ്റി ഇന്റക്സ് 527 രേഖപ്പെടുത്തിയതോടെ രാജ്യതലസ്ഥാനത്തെ ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി തെരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നുള്ള മറ്റ് രണ്ട് നഗരങ്ങള്‍ കൂടി ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എയര്‍ ക്വാളിറ്റി ഇന്റക്സ് 161 രേഖപ്പെടുത്തി കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തും 153 രേഖപ്പെടുത്തിയ മുംബൈ ഒന്‍പതാം സ്ഥാനത്തുമാണ്. അതേസമയം, ശുദ്ധവായുവിനായി ബുദ്ധിമുട്ടുന്ന ഡല്‍ഹിയില്‍ ഓക്സിജന്‍ ബാറുകള്‍ തുറന്നിരിക്കുകയാണ് വ്യവസായ പ്രമുഖര്‍. ഏഴ് ഓക്സിജന്‍ ബാറുകളാണ് നിലവില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കണമെങ്കില്‍ 299 രൂപ കൊടുക്കേണ്ടിവരും. മാത്രമല്ല, ലെമണ്‍ഗ്രാസ്സ ഓറഞ്ച്, കറുവപ്പട്ട, പെപ്പര്‍മിന്റ്, ലാവന്‍ഡര്‍, തുടങ്ങി ഏഴു സുഗന്ധത്തിലും ഓക്സിജന്‍ ലഭ്യമാകും. ഓക്സിജന്‍ ബാറില്‍ എത്തുന്നവര്‍ക്ക് ട്യൂബിലൂടെ ശുദ്ധവായു ശ്വസിക്കാം. ചെറിയ ബോട്ടിലുകളില്‍ ഓക്സിജന്‍ കൊണ്ടുപോകാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.