കായികമേളയില്‍ പാലക്കാടന്‍ കുതിപ്പ്; ലോങ് ജംപില്‍ ദേശീയ റെക്കോര്‍ഡ് ഭേദിച്ച് രണ്ടു മിടുക്കികള്‍

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേള ആദ്യ ദിനം പുരോഗമിക്കുമ്പോള്‍ കണ്ണൂരിന്റെ മണ്ണില്‍ പാലക്കാടന്‍ കുതിപ്പ്. ദേശീയ റെക്കോര്‍ഡിനെ തകര്‍ത്തുള്ള നേട്ടവുമായി തൃശൂര്‍ ജില്ലയും മികവു പുലര്‍ത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപിലാണ് തൃശൂര്‍ നാട്ടിക ഫിഷറീസ് എസ്.എസിലെ ആന്‍സി സോജന്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന് സ്വര്‍ണം നേടിയത്. 6.24 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി റിക്കാര്‍ഡ് തിരുത്തിയതെന്നതും ശ്രദ്ധേയമാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ രണ്ടാമതെത്തിയ മലപ്പുറം കറകശേരി സ്‌കൂളിലെ പ്രഭാവതിയും മീറ്റ് റെക്കോര്‍ഡാണ് മറികടന്നത്. 6.05 മീറ്റര്‍ ദൂരമാണ് പ്രഭാവതി കുറിച്ചത്.

സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അമിത് എന്‍.കെയാണ് ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ വിദ്യാര്‍ഥിനി സി.ചാന്ദ്നി സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിന്റെ ജെ.റിജോയും സ്വര്‍ണം നേടി. പാലക്കാട് പട്ടഞ്ചേരി ജി.എച്ച്.എസ് വിദ്യാര്‍ഥിയാണ് റിജോ. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി സ്‌കൂളിലെ സനികയാണ് സ്വര്‍ണം നേടിയത്.