ടെലികോം പ്രതിസന്ധി: ഒരു കമ്പനിയും അടച്ചുപൂട്ടണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് ധനമന്ത്രി

ഡല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ വര്‍ധിച്ചുവരുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു കമ്പനിയും അടച്ചുപൂട്ടണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ‘ഒരു കമ്പനിയും അടച്ചുപൂട്ടരുത്. എല്ലാവരും അഭിവൃദ്ധിപ്പെടണമെന്നാണ്
സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.’  ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. ടെലികോം മേഖലയിലെ സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായുള്ള നടപടികള്‍ രൂപീകരിക്കുന്നതിന് നിയോഗിച്ചിട്ടുള്ള സമിതി ഇക്കാര്യത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. സുപ്രീംകോടതി  ഉത്തരവു പ്രകാരം സര്‍ക്കാരിന് ലൈസന്‍സ്, സ്പെക്ട്രം ഫീസ് കുടിശ്ശിക നല്‍കാനായി വന്‍തുക നീക്കിവയ്ക്കേണ്ടി വന്നതോടെയാണ് മൊബൈല്‍ സേവനദാതാക്കള്‍ നഷ്ടത്തിലേക്ക്  കൂപ്പുകുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയുടെ കടം 1.02 ലക്ഷം കോടി രൂപയാണ്. എയര്‍ടെലും ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസത്തില്‍ ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം മൂന്ന് മാസത്തിനുള്ളില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് ഡിഒടി നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.